ഐ എസ് എല്ലിനു തിരശ്ശീല ഉയരുന്നു
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പത്താം സീസണ്‍ മത്സരങ്ങള്‍ക്ക് തിരശ്ശീല ഉയരുന്നു
കൂടുതല്‍ ടീമുകളും മത്സരങ്ങളുമായി എത്തുന്ന പുതിയ സീസണിലെ 21നു നടക്കുുന്ന ഉദ്‌ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്‌സിയെ നേരിടും. സൂപ്പര്‍ ലീഗിന്റെ പത്താം പതിപ്പില്‍ കിക്കോഫ് സമയത്തില്‍ ഉള്‍പ്പെടെ മാറ്റങ്ങളുണ്ട്. രാത്രി എട്ടു മണിക്കാണ് എല്ലാ മത്സരങ്ങളുടെയും കിക്കോഫ്. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ആദ്യ മത്സരം വൈകിട്ട് 5.30ന് തുടങ്ങും.
12 ടീമുകളാണ് ഇത്തവണ കിരീടപ്പോരിനുള്ളത്. ഐ ലീഗ് ചാമ്പ്യന്‍മാരായി സ്ഥാനക്കയറ്റം ലഭിച്ച പഞ്ചാബ് എഫ്‌സി ആണ് പുതുമുഖ ടീം. അടിമുടി മാറ്റങ്ങളുമായാണ് ഭൂരിഭാഗം ടീമുകളും ഇത്തവണ കപ്പ് ലക്ഷ്യമിട്ടിറങ്ങുന്നത്. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സാണ് നിലവിലെ ചാമ്പ്യന്‍മാര്‍. ഡ്യൂറന്റ് കപ്പ് നേടിയാണ് ഇത്തവണ ടീമിന്റെ വരവ്. ഐഎസ്‌എലില്‍ തുടര്‍ച്ചയായ രണ്ടാം ഉദ്‌ഘാടന മത്സരത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയായിരുന്നു എതിരാളികള്‍. തുടര്‍ച്ചയായ എട്ടാം സീസണിലും ബ്ലാസ്‌റ്റേഴ്‌സ് ഉദ്‌ഘാടന മത്സരത്തിനിറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ സീസണുകളിലേത് പോലെ ഇത്തവണയും പ്രത്യേക ഉദ്‌ഘാടന ചടങ്ങുകള്‍ ഉണ്ടാവില്ല.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന് പകരം റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18ലാണ് ഇത്തവണ ഐഎസ്‌എല്‍ മത്സരങ്ങളുടെ തത്സമയം സംപ്രേക്ഷണം. മലയാളം ഉള്‍പ്പെടെ ഒന്നിലധികം ഭാഷകളില്‍ കമന്ററി കേള്‍ക്കാം. ജിയോ സിനിമയിലും മത്സരങ്ങള്‍ കാണാം. 190ലധികം രാജ്യങ്ങളില്‍ തത്സമയ സംപ്രേക്ഷണത്തിനായി വണ്‍ഫുട്‌ബോളുമായി കരാറുണ്ട്.
ഐഎസ്‌എല്‍ പിന്തുടരുന്നവരുടെ എണ്ണം ഏഴിരട്ടിയായി വര്‍ധിച്ചെന്നാണ് സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡിന്റെ കണക്ക്
. സൂപ്പര്‍ ലീഗ് പത്താം പതിപ്പ് ആഘോഷിക്കുന്നതിന്റെ ഭാഗമായി ഐഎസ്‌എല്‍ ഫാന്റസി എന്ന പേരില്‍ ഫാന്റസി ഗെയിമും എഫ്‌എസ്‌ഡിഎല്‍ പുറത്തുവിട്ടിട്ടുണ്ട്. 12 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് വാഗ്‌ദാനം. ഐഎസ്‌എല്‍ ജേതാക്കള്‍ ഇതുവരെ: 2014 അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, 2015 ചെന്നൈയിന്‍ എഫ്‌സി, 2016 അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, 2017-18 ചെന്നൈയിന്‍ എഫ്‌സി, 2018-19 ബെംഗളൂരു എഫ്‌സി, 2019-20 എടികെ എഫ്‌സി, 202021 മുംബൈ സിറ്റി എഫ്‌സി, 2021-22 ഹൈദരാബാദ് എഫ്‌സി, 2022-23 മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്.