Friday, December 1, 2017

MATCH 9 : PUNE F C 4 ATK 1

നിലവിലെ ചാമ്പ്യന്മാര്‍ക്ക്‌ വമ്പന്‍ തോല്‍വി

പൂനെ സിറ്റി എഫ്‌.സി 4 എ.ടി.കെ 1



കൊല്‍ക്കത്ത, നവംബര്‍ 26:

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സോള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ എ.ടി.കെയെ സന്ദര്‍ശകരായ പൂനെ സിറ്റി തരിപ്പണമാക്കി. എതിരാളികളുടെ തട്ടകത്തില്‍ അവശോജ്ജലമായ കളിപുറത്തെടുത്ത പൂനെ സിറ്റി എഫ്‌.സി ഒന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ എ.ടി.കെ യെ തകര്‍ത്തു. കൊല്‍ക്കത്തയുടെ ഐ.എസ്‌ എല്ലിലെ ഏറ്റവും വലിയ തോല്‍വിയാണിത്‌. 
ഐ.എസ്‌.എല്ലിന്റെ ചരിത്രത്തില്‍ ഇതുവരെ സെമി ഫൈനലില്‍ കടക്കുവാന്‍ കഴിയാത്ത ടീമാണ്‌ പൂനെ. രണ്ടു തവണ്‌ ചാമ്പ്യന്മാരായ എ.ടി.കെയെ അവരുടെ തട്ടകത്തില്‍ പൂനെ രിപ്പണമാക്കിയത്‌ അവിശ്വസനീയമായി. 
പൂനെ സിറ്റിക്കെതിരെ ഇതിനു മുന്‍പ്‌ നടന്ന ആറ്‌ മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും എ.ടി.കെയ്‌ക്കു തോല്‍ക്കേണ്ടി വന്നിരുന്നു. ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. 
പൂനെ സിറ്റിക്കുവേണ്ടി മാഴ്‌സിലീഞ്ഞ്യോ രണ്ട്‌ ഗോളുകള്‍ നേടി ( 12, 60 മിനിറ്റില്‍) ,രോഹിത്‌ കുമാര്‍ (51-ാം മിനിറ്റില്‍) എമിലിയാനോ അല്‍ഫാരോ (80-ാം മിനിറ്റില്‍) എന്നിവര്‍ ഓരോ ഗോളുകളും. കണ്ടെത്തി. കൊല്‍ക്കത്തയുടെ ആശ്വാസ ഗോള്‍ ബിപിന്‍ സിംഗും (50-ാം മിനിറ്റില്‍) നേടി. 

ആദ്യ പകുതിയില്‍ ബ്രസീലിയന്‍ മുന്‍ നിര താരം മാഴ്‌സിലീഞ്ഞ്യോയുടെ 1 നേടിയ ഗോളില്‍ പൂനെ സിറ്റി എഫ്‌.സി 1-0 നു മുന്നിട്ടു നിന്നു. 

രണ്ട്‌ ഗോള്‍ നേടുകയും രണ്ട്‌ ഗോളുകള്‍ക്ക്‌ പിന്തുണ നല്‍കുകയും ചെയ്‌ത മാഴ്‌സിലീഞ്ഞ്യോയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. 

ഇന്നലെ പൂനെ കോച്ച്‌ റാങ്കോ പോപോവിച്ച്‌ മൂന്നു മാറ്റങ്ങള്‍ വരുത്തി. സാര്‍ത്തക്ക്‌, ജോനാഥന്‍ ലൂക്ക, ജുവല്‍ രാജ എന്നിവര്‍ക്കു പകരം ബല്‍ജിത്‌ സാഹ്‌്‌നി, ഐസക്ക്‌ എന്നിവരെ ഇറക്കി ,ഡിഫെന്‍ഡറായിട്ടായിരുന്നു ബല്‍ജിത്‌ ഇന്നലെ ഇറങ്ങിയത്‌. പൂനെ 4-2-3-1 ഫോര്‍മേഷനിലായിരുന്നു.
കൊല്‍ക്കത്ത ഇന്നലെ ഒരു മാറ്റം വരുത്തി റൂപര്‍ട്ടിനു പകരം ബിപിന്‍ സിംഗിനെ കൊണ്ടുവന്നു . കൊല്‍ക്കത്ത 4-1-4-1 ഫോര്‍മേഷനും വരുത്തി. എന്‍ജാസി കുഗ്വി മാത്രം അടങ്ങുന്ന ഏകാംഗ മുന്നേറ്റ നിരയാണ്‌ ആവിഷ്‌കരിച്ചത്‌. 

ആദ്യ അഞ്ച്‌ മിനിറ്റിനുള്ളില്‍ രണ്ടു ടീമുകള്‍ക്കും ഓരോ കോര്‍ണറുകള്‍ ലഭിച്ചുവെങ്കിലും ഗോള്‍ നീക്കങ്ങള്‍ ഒന്നും വന്നില്ല. ആറാം മിനിറ്റില്‍ പൂനെയുടെ ബോക്‌സിനു 30 വാര മുന്നില്‍ എ.ടി.കെയ്‌ക്കു കിട്ടിയ ഫ്രീ കിക്ക്‌്‌ ഗോള്‍ മുഖത്ത്‌ ഫാന ഹെഡ്ഡ്‌ ചെയ്‌തു അപകടം ഒഴിവാക്കി. എട്ടാം മിനിറ്റില്‍ ലിങ്‌ദോയുടെ ദുര്‍ബലമായ ഷോട്ട്‌ പൂനെ ഗോളി അനായാസം കരങ്ങളിലൊതുക്കി. 
കളിച്ചത്‌ കൊല്‍ക്കത്തയും ഗോള്‍ നേടിയത്‌ പൂനെയുമായി. തുടരെ വന്ന കൊല്‍ക്കത്തയുടെ ആക്രമണങ്ങള്‍ക്കു കിട്ടിയ പ്രഹരമായിരുന്നു പൂനെ സിറ്റിയുടെ ഗോള്‍. 12-ാം മിനിറ്റില്‍ പ്രത്യാക്രമത്തിലൂടെയാണ്‌ ഗോള്‍ നീട്ടി നല്‍കിയ പന്ത്‌ ടോം തോര്‍്‌പ്പിനു ക്ലിയര്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നതിനു മുന്‍പ്‌ കവര്‍ന്നെടുത്ത എമിലിയാനോ അല്‍ഫാരോ ബോക്‌സിലേക്കു ഓടിയെത്തിയ മാഴ്‌സിലീഞ്ഞ്യോയ്‌ക്കു ക്രോസ്‌ ചെയ്‌തു കൊടുത്തു. ഓപ്പണ്‍ സ്‌പേസില്‍ കിറുകൃത്യമായി പന്ത്‌ എടുത്ത മാഴ്‌സീലീഞ്ഞ്യോ വലംകാാലനടിയിലൂടെ കൊല്‍ക്കത്തയുടെ വല കുലുക്കി (1-0). ടോം തോര്‍പ്പിന്റെ പിഴവില്‍, മജീഷ്യന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പൂനെയുടെ ക്യാപ്‌റ്റന്‍ കൂടിയായ മാഴ്‌സിലീഞ്ഞ്യോയുടെ ഗോള്‍ തിങ്ങിനിറഞ്ഞ ഗാലറിയെ നിശബ്ദമാക്കി.
24-ാം മിനിറ്റില്‍ സെക്യൂഞ്ഞയിലൂടെ ഒരു കൗണ്ടര്‍ അറ്റാക്കിനുള്ള കൊല്‍ക്കത്തയുടെ ശ്രമം പൂനെയുടെ ഗോള്‍ കീപ്പറിന്റെ കരങ്ങളില്‍ അവസാനിച്ചു. 27-ാംമിനിറ്റില്‍ സെക്യൂഞ്ഞയുടെ പൂനെയുടെ പ്രതിരോധനിരക്കാരെ ഒന്നിനു പിന്നാലെ മറികടന്നു വന്ന സോളോ അറ്റാക്കും തുടര്‍ന്നുള്ള ബള്ളറ്റ്‌ ഷോട്ട്‌ പുനെ ഗോളി കമല്‍ ജിത്‌ സിംഗ്‌ തടുത്തിട്ടു. റീബൗണ്ടില്‍ ഓടിയെത്തിയ ഹിതേഷിനു ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആദ്യപകുതിയില്‍ കൊല്‍ക്കത്ത ഇംഗ്ലീഷ്‌ താരം എന്‍ജാസി കുഗിയിലൂടെ തുടരെ നടത്തിയ ശ്രമങ്ങള്‍ ഫലിച്ചില്ല. ഇതിനിടെ കൊല്‍ക്കത്തയുടെ യൂജിന്‍സന്‍ ലിങ്‌ദോയ്‌ക്കു പരുക്കന്‍ അടവിനു മഞ്ഞക്കാര്‍ഡും വാങ്ങേണ്ടി വന്നു. 

രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത ആദ്യ മിനിറ്റുകളില്‍ തന്നെ ഗോള്‍ മടക്കി. 49 ാം മിനിറ്റില്‍ മാഴ്‌സിലീഞ്ഞ്യോ കൊല്‍ക്കത്തയുടെ സെക്യൂഞ്ഞയെ ഫൗള്‍ ചെയ്‌തതിനു ലഭിച്ച ഫ്രീക്‌ിക്കാണ്‌ ഗോളിനു വഴിയൊരുക്കിയത്‌ . പെനല്‍ട്ടി ബോക്‌സിനു 30 വാര അകലെ കിട്ടിയ ഫ്രീ കിക്ക്‌ എടുത്ത മണിപ്പൂര്‍ താരം ബിപിന്‍ സിംഗ്‌ ഗോളാക്കി. ബിപിന്‍ സിംഗിന്റെ കിക്ക്‌ പൂനെയുടെ കളിക്കാരുടെ തലയ്‌ക്കു മുകളിലൂടെ വളഞ്ഞു ക്രോസ്‌ബാറില്‍ ഇടിച്ചു വലയിലേക്കു ഊളയിട്ടു. (1-1).
കൊല്‍ക്കത്തയുടെ ഈ സന്തോഷം അല്‍പ്പായുസായി. അടുത്ത മിനിറ്റില്‍ (51-ാം മിനിറ്റില്‍) പൂനെ വീണ്ടും മുന്നില്‍. മാഴ്‌സിലീഞ്ഞ്യോ എടുത്ത കോര്‍ണറില്‍ ചാടി ഉയര്‍ന്ന രോഹിത്‌ കുമാര്‍ ഹെഡ്ഡറിലൂടെ പന്ത്‌ കൊല്‍ക്കത്തയുടെ നെറ്റിലേക്കു ചെത്തിയിട്ടു (2-1). ഗോള്‍ മടക്കിയ സന്തോഷത്തില്‍ കൊല്‍ക്കത്ത കോര്‍ണര്‍ കിക്ക്‌ എടുക്കുമ്പോള്‍ എതിര്‍ കളിക്കാരെ കാര്യമായി മാര്‍ക്ക്‌ ചെയ്യാന്‍ ശ്രമിച്ചില്ല. ഇത്‌ പൂനെ മുതലെടുത്തു.


59-ാംമിനിറ്റില്‍ ഹിതേഷിനു പകരം കൊല്‍ക്കത്ത റോബിന്‍ സിംഗിനെ കൊണ്ടുവന്നു.ഇതിനു പിന്നാലെ 60-ാം മിനിറ്റില്‍ പൂനെ ലീഡുയര്‍ത്തി. ഡീഗോ കാര്‍ലോസ്‌,മാഴ്‌്‌സിലീഞ്ഞ്യോ, അല്‍ഫാരോ .മാര്‍ക്കോസ്‌ ടെബാര്‍ ന്നിവരുടെ സംയുക്ത ശ്രമാണ്‌ ഗോളായി മാറിയത്‌. കൊല്‍ക്കത്തയുടെ കുത്തഴിഞ്ഞ പ്രതിരോധം പൂനെ മുതലെടുത്തു. കാര്‍ലോസിന്റെ പാസ്‌ ബോക്‌സിനകത്തു നിന്ന ടെബാര്‍ ഹെഡ്ഡറിലുടെ മാഴ്‌സിലീഞ്ഞ്യോയിലേക്കും , തുടര്‍ന്ന്‌ മാഴ്‌സിലീഞ്ഞ്യോയുടെ വെടിയുണ്ട ഷോട്ട്‌ മുന്നില്‍ വന്ന കൊല്‍ക്കത്തയുടെ ക്യാപ്‌റ്റന്‍ ജോര്‍ഡി മൊണ്ടാലിന്റെ കാലില്‍ തട്ടി കൊല്‍ക്കത്തയുടെ ഗോളി ദേബജിതിന്റെ കണക്കുകൂട്ടലുകള്‍ തകര്‍ത്തു വലയിലേക്കു കയറി (3-1). 
72-ാം മിനുറ്റില്‍ പരുക്കന്‍ അടവുകള്‍ പുറത്ത്‌ എടുത്ത എന്‍ജാസിക്കു മഞ്ഞക്കാര്‍ഡ്‌. പൂനെ കോച്ച്‌ പോപോവിച്ച്‌ ഉടന്‍ രോഹിതിനേയും കാര്‍ലോസിനെയും മാറ്റി . പകരം കരുത്തരെ രണ്ടു പേരെ പകരക്കാരായി കൊണ്ടുവന്നു. ജോനാഥന്‍ ലൂക്കയും കീന്‍ ലൂയിസും വന്നതോടെ പൂനെയുടെ ശക്തി ഇരട്ടിയായി. കൊല്‍ക്കത്ത ബിപിന്‍ സിംഗിനു പകരം റൊണാല്‍ഡ്‌ സിംഗിനെയും ഇറക്കി. 
പോപോവിച്ചിന്റെ തന്ത്രം വിജയകരമായി. മാഴ്‌സീലീഞ്ഞ്യോ-അല്‍ഫാരോ സഖ്യം അരങ്ങു തകര്‍ക്കാന്‍ രണ്ടുപേരുടെയും വരവ്‌ സഹായമായി. 80-ാം മിനിറ്റില്‍ പൂനെ നാലാം വെടിപൊട്ടിച്ചു. കൗണ്ടര്‍ അറ്റാക്കിലാണ്‌ ഗോള്‍. പ്‌ന്തുമായി കുതിച്ച മാഴ്‌സിലീഞ്ഞ്യോ ബോക്‌സിനകത്തേക്കു നല്‍കിയ പന്ത്‌ അല്‍ഫാരോയ്‌ക്കു നല്‍കുമ്പോള്‍ തടയാന്‍ ആരും ഉണ്ടായില്ല. വെടിയുണ്ടപോലുള്ള അല്‍ഫാരോയുടെ ഷോട്ട്‌ മജുംദാറിനെ തകര്‍ത്തു നെറ്റിലേക്ക്‌ (4-1). 
പുനെ സിറ്റി നവംബര്‍ 29 നു സ്വന്തം തട്ടകത്തില്‍ മുംബൈ സിറ്റിയെ നേരിടും
എ.ടി.കെ ഡിസംബര്‍ ഒന്നിനു ജാംഷെഡ്‌പൂരിനെ അവരുടെ തട്ടകത്തിലും നേരിടും. 

No comments:

Post a Comment

PHOTOS