Saturday, November 18, 2017

MATCH 2 JFC-NEUFC PREVIEW




ഇന്ന്‌ നവാഗതരുടെ അരങ്ങേറ്റം
നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിനെതിരെ

ഇന്നത്തെ മത്സരം
നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ എഫ്‌.സി - ജാംഷെഡ്‌പൂര്‍ എഫ്‌.സി
(ഗുവഹാട്ടി, ഇന്ദിരാഗാന്ധി സ്റ്റേഡിയം, രാത്രി എട്ട്‌ മണി)


ഗുവഹാട്ടി:

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നവാഗതരാ ജാംഷെഡ്‌പൂര്‍ എഫ്‌.സിയുടെ അരങ്ങേറ്റം ഇന്ന്‌. ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക്‌ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എവേ മാച്ചില്‍ ജാംഷെഡ്‌പൂര്‍ എഫ്‌.സി ആതിഥേയരായ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിനെ നേരിടും.
കേരള ബ്ലാസറ്റേഴ്‌സിന്റെ മുന്‍ കോച്ച്‌ സ്‌റ്റീവ്‌ കോപ്പലാണ്‌ ജാംഷെഡ്‌പൂര്‍ എഫ്‌.സിയെ ആദ്യമായി ഐ.എസ്‌.എല്ലിന്റെ അങ്കത്തട്ടില്‍ ഇറക്കുന്നത്‌. വിപുലമായ മുന്‍ നിരയാണ്‌ ജാംഷെഡ്‌പൂരിന്റേത്‌. മുന്‍ ബ്ലാസ്റ്റേഴ്‌സ്‌ താരം ഹെയ്‌ത്തിയില്‍ നിന്നുള്ള കെവന്‍സ്‌ ബെല്‍ഫോര്‍ട്ട്‌, സെനഗലില്‍ നിന്നുള്ള താല എന്‍ദീയെ എന്നിവരാണ്‌ മുന്‍ നിരയിലെ വിദേശതാരങ്ങള്‍ . ഇന്ത്യന്‍ താരങ്ങളായ ജെറി, ആഷിം ബിശ്വാസ്‌, ഫറൂഖ്‌ ചൗധരി എ്‌ന്നിവരും മുന്‍നിരയിലുണ്ട്‌. എന്നാല്‍ മുന്‍ നിരയെ അപേക്ഷിച്ച്‌ ജാംഷെഡ്‌പൂരിന്റെ മധ്യനിരയാണ്‌ താര സമ്പന്നം. കഴിഞ്ഞ സീസണില്‍ എ.ടി.കെയ്‌ക്കുവേണ്ടി കളിച്ച ദക്ഷിണാഫ്രിക്കക്കാരന്‍ സമീഗ്‌ ദൗതി, ബ്രസീലില്‍ നിന്നുള്ള മെമോ, മാത്യൂസ്‌ ഗോണ്‍സാല്‍വസ്‌, എന്നിവര്‍ക്കു പുറമെ കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നെത്തിയ മെഹ്‌താബ്‌ ഹൂസൈന്‍, ഡൈനാമോസിില്‍ നിന്നും സ്വന്തമാക്കിയ സൗവിക്‌ ചക്രവര്‍ത്തി,ബികാഷ്‌ ജെയ്‌റു എന്നിവരടങ്ങിയ ഇന്ത്യന്‍ നിരയും വളരെ തഴക്കവും പഴക്കത്തിലും ജാെഷെഡ്‌പൂരിന്റെ നവാഗതരാണെന്ന മുഖഛായ മാറ്റുവാന്‍ പര്യാപ്‌തരാണ്‌.
ജാഷെഡ്‌പൂരിന്റെ പ്രതിരോധ നിരയിലെ സൂപ്പര്‍ താരം തിരി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സ്‌പാനീഷ്‌ താരം ഹോസെ ലൂയിസ്‌ എസിപിനോസാ അരോയാണ്‌. മലയാളി താരം അനസ്‌ എടത്തൊടിക, ആന്ദ്രെ ബിക്കെ ,റോബിന്‍ ഗുരുങ്ങ്‌, തുടങ്ങിയ മികച്ച താരങ്ങളും ജാംഷെഡ്‌പൂരിന്റെ പ്രതിരോധ ഭിത്തിയ്‌ക്കു ഉരുക്കിന്റെ കരുത്തു നല്‍കുന്നു. ഇന്ത്യയുടെ ഗോള്‍ വലയം കാത്ത പാരമ്പര്യമുള്ള സുബ്രതോ പോള്‍ ഗോള്‍ വലയം കാക്കുവാന്‍ രംഗത്തുണ്ടെങ്കിലും റഫീഖ്‌ അലി സര്‍ദാര്‍ , സഞ്‌ജീബന്‍ ഘോഷ്‌ എ്‌ന്നിവരില്‍ നിന്നായിരിക്കും ഗോള്‍വലയം സംരക്ഷിക്കാനുള്ള ആദ്യ ദൗത്യം കോച്ച്‌ കോപ്പല്‍ നല്‍കുക.

ആദ്യ സീസണില്‍ അവസാന സ്ഥാനത്തും അടുത്ത സീസണില്‍ അഞ്ചാമതും എത്തിയ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ കഴിഞ്ഞ രണ്ടു സീസണുകളില്‍ സീസര്‍ ഫരിയാസിനും നെലോ വെന്‍ഗാഡയുടെയും കീഴില്‍ ഉജ്ജ്വല തുടക്കം കഴ്‌ചവെച്ചിതിനുശേഷം നിറം മങ്ങിപ്പോയ ടീമാണ്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌. മൂന്നാം സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന്‌ അഞ്ച്‌ ജയം മൂന്നു സമനില, ആറ്‌ തോല്‍വി എന്നനിലയില്‍ 18 പോയിന്റോടെ വീണ്ടും അഞ്ചാം സ്ഥാനം കൊണ്ടു തൃപ്‌തിപ്പെടേണ്ടി വന്നു.
ഇത്തവണ പോര്‍ച്ചുഗലില്‍ നിന്നുള്ള ജോവോ കാര്‍ലോസ്‌ പൈറസ്‌ ദിയൂസിന്റെ പരിശീലനത്തിനു കീഴിലാണ്‌ ഹൈ ലാന്‍ഡേഴ്‌സ്‌ എത്തുന്നത്‌.
മലയാളി താരം ടി.പി രഹ്‌്‌നേഷിനാണ്‌ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ഗോള്‍ വലയം കാക്കുന്നതിനുള്ള ചുമതല. ഒന്നാം ജേഴ്‌സിയില്‍ രവികുമാറും ഗുര്‍പ്രീത്‌ സിംഗും പകരക്കാരായുണ്ട്‌.
രഹ്‌്‌നേഷിനോടൊപ്പം കഴിഞ്ഞ സീസണില്‍ നി്‌ന്നും നിലനിര്‍ത്തിയ താരമാണ്‌ മധ്യനിരയിലെ റൗളിങ്‌ ബോര്‍ഹസ്‌, എന്നാല്‍ ഈ സീസണിലെ ഡ്രാഫ്‌റ്റില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ വാങ്ങിയ ഏറ്റവും വിലകൂടിയതാരം മുന്നേറ്റ നിരയിലെ ഹോളിചരണ്‍ നാര്‍സറിയാണ്‌.
ഇത്തവണ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ മുന്‍ നിരിയില്‍ മൂന്നു മുന്‍ നിരതാരങ്ങളാണുള്ളത്‌ ഒഡയെര്‍ ഫോര്‍ട്ടസ്‌ (കേപ്‌ വെര്‍ഡെ), ലൂയിസ്‌ പെയസ്‌ (കൊളംബിയ) ഡാമില (ബ്രസീല്‍ )എന്നിവര്‍ . മധ്യനിരയില്‍ ബ്രസീലുകാരായ അഡില്‍സന്‍ കാര്‍ലോസ്‌, മാര്‍ച്ചിനോ എന്നിവരും പ്രതിരോധത്തില്‍ സെന്റര്‍ ബാക്ക്‌ സാംബിഞ്ഞ്യ (ബ്രസീല്‍), ലെഫ്‌റ്റ്‌ ബാക്ക്‌ ഹോസെ ഗോണ്‍സാവല്‍വസ്‌ (പോര്‍ച്ചുഗല്‍), സെന്റര്‍ ബാക്ക്‌ മാര്‍ട്ടിന്‍ ഡയസ്‌ (ഉറുഗ്വേ) എന്നിവരും ഐ.എസ്‌.എല്ലില്‍ അരങ്ങേറ്റം കുറിക്കുന്നു.
മുന്‍ നിരയില്‍ വരുന്ന ഒഡെയിര്‍, ലൂയിസ്‌ പെയ്‌സ്‌ , ഡാനിലോ എന്നിവരും ഇന്ത്യയില്‍ ആദ്യമായിട്ടാണ്‌ കളിക്കാനിറങ്ങുന്നത്‌

ഗോള്‍കീപ്പര്‍മാരുടെ കാര്യത്തിലും മുന്നേറ്റ നിരയും അത്ര പ്രതീക്ഷയ്‌ക്കു വക നല്‍കുന്നില്ലെന്നതാണ്‌ ടീമിന്റെ പോരായ്‌മയായി ചൂണ്ടിക്കാണിക്കുന്നത്‌. രഹ്‌്‌നേഷ്‌ കഴിഞ്ഞ സീസണില്‍ വരുത്തിയ നിസാര അബദ്ധങ്ങള്‍ക്കു വലിയ വില കൊടുക്കേണ്ടി വ്‌ന്നതും ചൂണ്ടിക്കാണിക്കുന്നു. അതേപോലെ മുന്‍ നിരയില്‍ കാര്യമായ പ്രഹരശേഷിയുള്ള കളിക്കാരെ കണ്ടെത്താന്‍ കഴിയാത്തതും പ്രതികൂലമായി ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ രണ്ടു സീസണില്‍ കൊളംബിയന്‍ താരം ലൂയിസ്‌ പയസിനു ഒരു മത്സരവും ഫോര്‍ട്ടസിനു ഒരു മത്സരവും മാത്രമെ കളിക്കാന്‍ കഴിഞ്ഞിട്ടുള്ളു.
എന്നാല്‍ പരിചയ സമ്പന്നരായ മുന്‍ ബ്ലാസ്റ്റേഴ്‌സ്‌ താരം നിര്‍മ്മല്‍ ഛെത്രി, അബ്ദുള്‍ ഹാക്കു, റോബര്‍ട്ട്‌ ലാല്‍തിലാമുവാന എന്നിവരുടെ തഴക്കവും പഴക്കവും നോര്‍ത്ത്‌ ഈസ്‌റ്റിനു കരുത്താകും.


ടീമുകള്‍
ജാംഷെഡ്‌പൂര്‍ എഫ്‌.സി

ഗോള്‍ കീപ്പര്‍മാര്‍ : സുബ്രതോ പോള്‍, റഫീഖ്‌ അലി സര്‍ദാര്‍, സഞ്‌ജീബന്‍ ഘോഷ്‌,
പ്രതിരോധനിര: ആന്ദ്രെ ബിക്കെ, അനസ്‌ എടത്തൊടിക, റോബിന്‍ ഗുരുങ്ങ്‌, സായ്‌റുത്‌ കിമ, സൗവിക്‌ ഘോഷ്‌, യുമാന്‍ രാജു, തിരി
മധ്യനിര: മാത്യൂസ്‌ ഗോണ്‍സാല്‍വസ്‌, മെമോ, ബികാഷ്‌ ജെയ്‌റു, മെഹ്‌താബ്‌ ഹൂസൈന്‍, സൗവിക്‌ ചക്രവര്‍ത്തി, സമീഗ്‌ ദൗതി,
മുന്നേറ്റ നിര: കെവന്‍സ്‌ ബെല്‍ഫോര്‍ട്ട്‌, ഫറൂഖ്‌ ചൗധരി, ജെറി മാവിമിങ്‌താങ, സിദ്ധാര്‍ത്ഥ്‌ സിംഗ്‌, സുമിത്‌ പാസി, താല എന്‍ഡായെ
ആദ്യ ഇലവന്‍ ഇവരില്‍ നിന്ന്‌)


നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌

ഗോള്‍ കീപ്പര്‍മാര്‍ ടി.പി.രഹ്‌്‌നേഷ്‌, രവികുമാര്‍, ഗുര്‍പ്രീത്‌ സിംഗ്‌,
പ്രതിരോധനിര: അബ്ദുള്‍ ഹക്കു, ഗുരുസിമ്രട്ട്‌ സീംഗ്‌ , നിര്‍മ്മല്‍ ഛെത്രി, റീഗന്‍ സിംഗ്‌, ,റൂപര്‍ട്ട്‌ ലാല്‍തുമാന, സാംബിഞ്ഞ്യ, ഹോസെ ഗോണ്‍സാല്‍വസ്‌, മാര്‍ട്ടിന്‍ ഡയസ്‌ ,
മധ്യനിര: റൗളിങ്‌ ബോര്‍ഹസ്‌, ലാലിന്‍ഡ്‌ക റാല്‍ട്ട്‌, ഫാനായ്‌ ലാല്‍റെമ്പുയ, മാലെങ്‌ ഗാബ മീതെ, മാര്‍ച്ചിനോ, അഡില്‍സണ്‍ ഗോണ്‍സാല്‍വസ്‌,
മുന്നേറ്റനിര: ഹോളിചരണ്‍ നാര്‍സാറി, സെമിനിയന്‍ ദുങ്കല്‍, ഒഡെയര്‍ ഫോര്‍ട്ടസ്‌, ലൂയിസ്‌ പെയ്‌സ്‌, ഡാനിലോ.
(ആദ്യ ഇലവന്‍ ഇവരില്‍ നിന്ന്‌)







ജാംഷെഡ്‌പൂരിനും നോര്‍ത്ത്‌ ഈസ്‌റ്റിനും പുതിയ തുടക്കം

ഗുവഹാട്ടി : ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുതിയ പരിശീലകന്‍ ജോവോ ഡി ദിയൂസിനു കീഴില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ പുതിയ സീസണിനു ഇന്ന്‌ തുടക്കം കുറിക്കുന്നു. ഗുവഹാട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക്‌ സ്‌റ്റേഡിയത്തില്‍ ജാംഷെഡ്‌പൂര്‍ എഫ്‌.സിയ്‌ക്കെതിരെയാണ്‌ നാലാം സീസണിലെ ആദ്യ മത്സരം.
ഏറെ പ്രതീക്ഷയുമായി വന്ന നോര്‍ത്ത്‌ ഈസ്‌റ്റിനു കഴിഞ്ഞ മൂന്നു സീസണുകളിലും പ്ലേ ഓഫിലേക്കു യോഗ്യത നേടാന്‍ കഴിഞ്ഞില്ല. ഇത്തവണ പോര്‍ച്ചുഗീസുകാരനായ പരിശീലകന്‍ ദിയൂസില്‍ വടക്കു കിഴക്കന്‍ ടീമിനു ആത്മവിശ്വാസമുണ്ട്‌. സ്വന്തം നാട്ടുകാരുടെ പൂര്‍ണ പിന്തുണയോടുകൂടി വിജയത്തോട തന്നെ സീസണ്‍ ആരംഭിക്കാമെന്ന പ്രതീക്ഷയും ടീമിനുണ്ട്‌.
" കഴിഞ്ഞതെല്ലാം ചരിത്രമായി മാറി. അതേക്കുറിച്ച്‌ സംസാരിക്കാന്‍ ഞാനില്ല. ഈ നിമിഷം നമ്മുടെ ടീമിനു പരിശീലനത്തിനെക്കുറിച്ച്‌ വളരെ ആധികാരികമായി അറിയാവുന്ന മികച്ച നിരവധി പരിശീലകരെ ലഭിച്ചിട്ടുണ്ട്‌. പക്ഷേ, മത്സരം മുറുകുമ്പോള്‍ നിരവധി കാര്യങ്ങളാണ്‌ വേണ്ടിവരുക, അത്തരം ഘട്ടങ്ങളെക്കുറിച്ചും സന്ദര്‍ഭങ്ങളെക്കുറിച്ചും ജാഗ്രതപാലിക്കേണ്ടതുണ്ട്‌ . അത്തരം ഒരു വഴിയിലൂടെയാണ്‌ ഞങ്ങളുടെ ടീമിനെ ഒരുക്കിയിരിക്കുന്നതും " ജോവോ ജോവോ ഡി ദിയൂസ്‌ പറഞ്ഞു.

വളരെ ശക്തരെന്നു വിലയിരുത്തുന്ന ടീമുകളെ വെല്ലുവളിക്കാന്‍ വേണ്ട കരുത്ത്‌ സമാഹരിക്കാന്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിനു കഴിഞ്ഞിട്ടുണ്ട്‌
മധ്യനിരയില്‍ ഇന്ത്യന്‍ താരങ്ങളായ ഹോളിചരണ്‍ നാര്‍സറി, റൗളിങ്‌ ബോര്‍ഹസ്‌ എന്നിവര്‍ തീര്‍ച്ചയായും തുടക്കം തന്നെയുണ്ടാകും. ഇതില്‍ റൗളിങ്‌ ബോര്‍ഹസിനു പരിശീലനത്തിനിടെ പരുക്കേറ്റിരുന്നുവെങ്കിലും വേണ്ട മുന്‍കരുതലുകളുമായി റൗളിങ്ങും കളിക്കാനിറങ്ങും.
റൗളിങ്ങ്‌ ബോര്‍ഹസ്‌ തീര്‍ച്ചയായും ടീമില്‍ ഉണ്ടാകുമെന്നു കോച്ച്‌ ഉറപ്പ്‌ പറഞ്ഞു.എന്നാല്‍ എതെങ്കിലും കാരണവശാല്‍ അദ്ദേഹത്തിനു കളിക്കാന്‌ കഴിയാതെ വരുകയാണെങ്കില്‍ പത്തുപേരുമായി ഇറങ്ങുവാന്‍ കഴിയില്ലല്ലോ. എന്നും അദ്ദേഹം തമാശയോടെ പറഞ്ഞു. "എന്തായാലും ഒരു കാര്യം ഉറപ്പ്‌ പറയാം അദ്ദേഹം കളിക്കാന്‍ ഫിറ്റ്‌ ആണെങ്കില്‍ തീര്‍ച്ചായയും ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നു" കോച്ച്‌ ദിയൂസ്‌ വ്യക്തമാക്കി.

ഈ സീസണിലെ നവാഗതരായ ജാംഷെഡ്‌പൂര്‍ എഫ്‌.സി ആദ്യമായി ഐ.എസ്‌.എല്ലില്‍ കളിക്കഴന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ്‌.
" ആദ്യ മത്സരത്തില്‍ ഞങ്ങളുടെ ടീം ഇറങ്ങുന്നതിന്റെ ആവേശത്തിലാണ്‌ ഞാന്‍.. കഴിഞ്ഞ ആറ്‌, ഏഴ്‌ ആഴ്‌ചകളായി ഇതിനുവേണ്ടി തയ്യാറെയുപ്പ്‌ നടത്തിവരുന്നു. അതുകൊണ്ടു തന്നെ വെല്ലുവിളി എറ്റെടുത്തു മുന്നോട്ട്‌ നീങ്ങുവാന്‍ ടീം തയ്യാറാണ്‌" ജാംഷെഡ്‌പൂരിന്റെ പരിശീലകന്‍ സ്റ്റീവ്‌ കോപ്പല്‍ പറഞ്ഞു. ഇത്തവണ പുതിയ ഫ്രാഞ്ചൈസിയാണ്‌ ടീമിനുള്ളത്‌ അതിന്റെ പ്രത്യക്ഷ മാറ്റം കാണാനാകുമെന്നും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ കോച്ച്‌ കൂടിയായ സ്‌റ്റീവ്‌ കോപ്പല്‍ പറഞ്ഞു.
ജാംഷെഡ്‌പൂര്‍ എഫ്‌.സി യ്‌ക്കു ഐ.എസ്‌.എല്‍ പുതിയ അനുഭവം ആണെങ്കിലും ഐ.എസ്‌.എല്ലിന്റെ കഴിഞ്ഞ സീസണുകളില്‍ കളിച്ചു തഴക്കവും പഴക്കവുമുള്ള നിരവധി കളിക്കാരും പരിശീലകനും ടീമിനെ നയിക്കാനുണ്ട്‌. കേരള ബ്ലാസ്റ്റേഴ്‌സിനെ കഴിഞ്ഞ സീസണില്‍ ഫൈനല്‍ വരെ കൊണ്ടു ചെന്നെത്തിച്ച പരിശീലകനായ സ്റ്റീവ്‌ കോപ്പലിനു തന്നെയാണ്‌ ഇതില്‍ ഒന്നാം സ്ഥാനം. കളിക്കളത്തില്‍ ആകട്ടെ ഹോസെ ലൂയിസ്‌ എസ്‌പിനോസ അറോയ ,പ്രതിരോധത്തിലുണ്ടെങ്കില്‍, മധ്യനിരയില്‍ ദക്ഷിണാഫ്രിക്കക്കാരന്‍ സമീഗ്‌ ദൗതിയും മമുന്‍നിരയില്‍ സെനഗലീസ്‌ സ്‌ട്രൈക്കര്‍ താല എന്‍ഡായെയും രംഗത്തുണ്ട്‌.
" ആദ്യ മത്സരം ഇവിടെ (ഗുവഹാട്ടിയില്‍) കളിക്കേണ്ടി വന്നത്‌ അല്‍പ്പം ക്ലേശം ഉളവാക്കുന്നുണ്ട്‌. കുറച്ചു മത്സരങ്ങള്‍ കഴിയുന്നതോടെ ഈ ക്ലേശം മാറും.അതോടെ എതിരാളികളേക്കാള്‍ മികച്ച നിലയിലേക്കു ഞങ്ങള്‍ മാറും "- സ്‌റ്റീവ്‌ കോപ്പല്‍ പൂര്‍ണ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

No comments:

Post a Comment

PHOTOS