Saturday, November 18, 2017

JAMSHEDPUR F C




ടാറ്റയുടെ കരുത്തും ബ്ലാസ്‌റ്റേഴ്‌സിന്റെ
ഹൃദയവുമായി ജാംഷഡ്‌പൂര്‍ എഫ്‌.സി 


ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണിനെ ഹൃദയഹാരിയാക്കുന്ന ടീമുകളായിരിക്കും നവാഗതരായ ബെംഗ്‌ളുരു എഫ്‌.സിയും ജാംഷ്‌ഡ്‌പൂര്‍ എഫ്‌.സിയും . ബെംഗ്‌്‌ളുരു എഫ്‌.സിയേക്കാള്‍ പഴക്കവും പാരമ്പര്യവും ജാംഷ്‌ഡ്‌പൂര്‍ എഫ്‌.സിയ്‌ക്കുണ്ട്‌ 
ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലൂടെ മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ തന്നെ ജാംഷഡ്‌പൂര്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മാപ്പില്‍ സ്ഥാനം പിടിച്ചു. പക്ഷേ, ഐ.എസ്‌.എല്ലിലേക്കുള്ള വരവ്‌ അല്‍പ്പം വൈകി. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ഇന്ത്യയുടെ ഈ ഉരുക്കു നഗരം. 1987ല്‍ ടാറ്റ ഫുട്‌ബോള്‍ അക്കാദമി രൂപവല്‍ക്കരിച്ച നാള്‍ മുതല്‍ ജാംഷെഡ്‌പൂരിനെ ഒരു രാജ്യാന്തര ഫുട്‌ബോളിന്റെ വേദിയാകുക എന്ന സ്വപ്‌നവും കൂടിയാണ്‌ ഐ.എസ്‌.എല്‍ ഇവിടെ വന്നെത്തുന്നതോടെ സാക്ഷാത്‌കരിക്കുന്നത്‌. 60,000 പേര്‍ക്ക്‌ ഇരിക്കാവുന്ന സജ്ജീകരണത്തോടുകൂടിയാണ്‌ ജെ.ആര്‍.ഡി ടാറ്റ്‌ സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സ്‌ പുതുക്കി പണിതിരിക്കുന്നത്‌. എന്നാല്‍ ഐ.എസ്‌.എല്‍ അധികൃതര്‍ സുരക്ഷാ കാരണങ്ങളാല്‍ 30,000 പേര്‍ക്കുമാത്രമെ ഇരിക്കാന്‍ അനുമതി നല്‍കിയട്ടുള്ളു. 40 കോടി രൂപ പുതുക്കി പണിയാന്‍ വേണ്ടി വന്നു. ഫുട്‌ബോളിനു പുറമെ ഹോക്കി, ഹാന്‍ഡ്‌ബോള്‍, നീന്തല്‍, ടെന്നിസ്‌, വോളിബോള്‍ എന്നിവയ്‌ക്കുള്ള സൗകര്യങ്ങളും എല്ലാവിധ സൗകര്യങ്ങളോടുകൂടിയ ഫിറ്റ്‌നസ്‌ സെന്ററും ടാറ്റ്‌ സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചുവരുന്നു. 
എന്നാല്‍ ഇത്തവണ ഐ.എസ്‌.എല്‍ വേദി ജാംഷഡ്‌പൂരിനു ലഭിക്കുമോ എന്ന. സംശയം പിന്നെയും ബാക്കിനിന്നു.അഹമ്മദാബാദ്‌, കട്ടക്ക്‌, ഹൈദരാബാദ്‌, റാഞ്ചി,സിലിഗുരി എന്നീ വേദികളുടെ കടുത്ത മത്സരവും മറികടക്കേണ്ടതുണ്ടായിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഫുട്‌ബോളിന്റെ വളര്‍ച്ചയും ഈ മേഖലയിലേക്കു ഐ.എസ്‌.എല്‍ എത്തിച്ചേരേണ്ടതിന്റെ പ്രാധാന്യത്തിനാണ്‌ ഊന്നല്‍ നല്‍കിയത്‌. ഇതില്‍ ജാംഷഡ്‌പൂരിനു ഐ.എസ്‌.എല്‍ അധികൃതര്‍ മുന്‍തൂക്കം നല്‍കിയതോടെ ഈ വര്‍ഷം മേയില്‍ പച്ചക്കൊടി ലഭിച്ചു. അതോടെ ടീമിനെയും കോച്ചിനേയും വളരെ വേഗത്തില്‍ തന്നെ കണ്ടെത്തേണ്ടിയും വന്നു. കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ വരെ കൊണ്ടുചെന്നെത്തിച്ച പരിശീലകന്‍ സ്റ്റീവ്‌ കോപ്പല്‍ താന്‍ ഇനി ബ്ലാസ്റ്റേഴ്‌സിലേക്കില്ലെന്നു പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. കളിക്കാരെ കണ്ടുപിടിക്കാനുള്ള ഭാരിച്ച ദൗത്യം കോപ്പലില്‍ തന്നെ നിക്ഷിപ്‌തമായി. ബ്ലാസ്റ്റേഴ്‌സില്‍ നിന്നും തന്നെ അദ്ദേഹം ആദ്യ സെല്‌ക്ഷന്‍ നടത്തി. കളിക്കാരനും പരിശീലകനുമായ ഇഷ്‌ഫാഖ്‌ അഹമ്മദിനെ തന്നെ തന്റെ സഹപരിശീലകനായി നിയമിച്ചു. തുടര്‍ന്നു ഇരുവരും കൂടിയാണ്‌ ഇന്ത്യന്‍ ടീമിന്റെ ലേലത്തിനെത്തിയത്‌. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരങ്ങളായ ഡിഫെന്‍സീവ്‌ മിഡ്‌ഫീല്‍ഡര്‍ മെഹ്‌താബ്‌ ഹൂസൈന്‍, കെവന്‍സ്‌ ബെല്‍ഫോര്‍ട്ട്‌, മോഹന്‍ ബഗാനില്‍ നിന്ന്‌ മലയാളി താരം അനസ്‌ എടത്തോടിക, റൈറ്റ്‌ വിംഗ്‌ ബാക്ക്‌ സൗവിക്‌ ചക്രവര്‍ത്തി എന്നിവരെ ആദ്യം തന്നെ തെരഞ്ഞെടുത്തു. 
വിദേശ താരങ്ങളുടെ ഊഴം വന്നപ്പോള്‍ നേരത്തെ ഐ.എസ്‌.എല്ലിനു കളിച്ച അനുഭവ പാരമ്പര്യമുള്ള കാമറൂണിന്റെ ഡിഫെന്‍ഡര്‍ ആന്ദ്രെ ബിക്കെ, സ്‌പാനീഷ്‌ താരം തിരി, എന്നിവരെയാണ്‌ പരിഗണിച്ചത്‌. സൗവിക്‌ ഘോഷ്‌ , അനസ്‌, റോബിന്‍ ഗുരുങ്‌ എന്നിവരടങ്ങുന്ന പ്രതിരോധ നിര അതോടെ സമ്പന്നമായി . മധ്യനിരയിലെ ആദ്യ ചോയിസ്‌ കഴിഞ്ഞ സീസണില്‍ തിളങ്ങിയ ദക്ഷിണാഫ്രിക്കക്കാരന്‍ സമീഗ്‌ ദൗത്തിയായിരുന്നു. ഡല്‍ഹി ഡൈനാമോസിന്റെ ബ്രസീല്‍ താരങ്ങളായ മെമോ, മത്തേവൂസ്‌ ഗോണ്‍സാല്‍വസ്‌ എന്നിവരും വന്നതോടെ സൗവിക്‌ ചക്രവര്‌ത്തി, മെഹ്‌താബ്‌ ഹൂസൈന്‍ ബികാഷ്‌ ജെയ്‌റു എന്നീ ഇന്ത്യന്‍ താരങ്ങളും അടങ്ങുന്ന മധ്യനിര കൂടുതല്‍ ശക്തമായി.
വിദേശതാരങ്ങളുടെ ശക്തി മുന്‍ നിരയിലും സ്‌റ്റീവ്‌ കോപ്പല്‍ ഒട്ടും കുറച്ചില്ല. കെവന്‍സ്‌ ബെല്‍ഫോര്‍ട്ടിനു പിന്തുണ നല്‍കാന്‍ സെനഗലില്‍ നിന്നും താലാ എന്‍ ഡായെ , നൈജീരിയക്കാരന്‍ ഇസു അസുക്ക എന്നിവരെയയും ടീമിലേക്കു സെലക്ട്‌ ചെയ്‌തു. എ്‌ങ്കിലും ഇന്ത്യന്‍ താരങ്ങളായ ജെറി, ആഷിം ബിശ്വാസ്‌, സുമിത്‌ പാസി, ഫറൂഖ്‌ ചൗധരി എന്നിവരെയും ഡ്രാഫ്‌റ്റില്‍ പിടിച്ചു. 

ഡ്രാഫ്‌റ്റില്‍ അനസിനുവേണ്ടിയാണ്‌ ജാഷെഡ്‌പൂര്‍ ഏറ്റവും കൂടുതല്‍ തുക മുടക്കിയത്‌ 1.1 കോടി രൂപ. ഗോള്‍കീപ്പര്‍ സുബ്രതോ പോളിനു 87 ലക്ഷവും മെഹ്‌താബ്‌ ഹൂസൈനു 50 ലക്ഷവും മുടക്കി. ഈ സീസണില്‍ ഗോള്‍കീപ്പറിനു വേണ്ടി ഏറ്റവും അധികം പണം മുടക്കിയതും ജാംഷഡ്‌പൂര്‍ എഫ്‌.സിയാണ്‌. 
ഒന്നാം നമ്പര്‍ ഗോളിയായ സുബ്രരതോ പോളിനൊപ്പം സഞ്‌ജീബന്‍ ഘോഷ്‌, റഫീഖ്‌ അല്‍ സര്‍ദാറും പകരക്കാരായുണ്ട്‌. 
കളിക്കാര്‍ ഏറെയുണ്ടെങ്കിലും ജാംഷെഡ്‌പൂരിന്റെ യഥാര്‍ത്ഥ താരം കോച്ച്‌ സ്‌റ്റീവ്‌ കോപ്പലാണ്‌. കഴിഞ്ഞ സീസണില്‍ ഫൈനല്‍ വരെ ബ്ലാസ്റ്റേഴ്‌സിനെ കൊണ്ടു ചെന്നെത്തിച്ചതില്‍ പ്രധാന പങ്ക്‌ സ്റ്റീവ്‌കോപ്പലിനാണ്‌. നിര്‍വികാരനായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോപ്പലിന്റെ നിയന്ത്രണ പാടവം ആയിരിക്കും ജാംഷഡ്‌പൂരിന്റെ വിജയതന്ത്രങ്ങള്‍ മെനയുക. ടീം വിജയിക്കുമ്പോഴും തോല്‍ക്കുമ്പോഴും ഒരേ ഭാവത്തോടെ കളിയെ സമീപിക്കുന്ന കോപ്പലിനെ കൂടാതെ ഇറങ്ങേണ്ടി വരുന്നത്‌ കേരള ബ്ലാസറ്റേഴ്‌സിനു വലിയ നഷ്ടം ആകുമ്പോള്‍ ജാംഷ്‌ഡപൂരിനു മികച്ച തുടക്കം കുറിക്കാന്‍ കോപ്പലിനു തീര്‍ച്ചയായും കഴിയും. 
നവംബര്‍ 18നു ഗുവഹാട്ടിയിലെ നോര്‍ത്ത്‌ ഈസ്‌റ്റിനെതിരായ എവേ മത്സരത്തിലൂടെയാണ്‌ ജാംഷെഡ്‌പൂര്‍ അരങ്ങേറ്റം കുറിക്കുക. രണ്ടാം മത്സരം 24നു കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍. കേരള ബ്ലാസറ്റേഴ്‌സിന്റെ ബി ടീം എന്നു കളിയാക്കി വിളിക്കുന്ന ജാഷെഡ്‌പൂര്‍ എഫ്‌.സിയും സാക്ഷാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള മത്സരത്തില്‍ വിജയം ആര്‍ക്കാകും എന്നതാണ്‌ കോടികള്‍ വിലവരുന്ന ചോദ്യം. 
കോച്ച്‌ സ്‌റ്റീവ്‌ കോപ്പലും കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സരത്തിനു വേണ്ടി കാത്തിരിക്കുകയാണ്‌. "കേരളത്തിലേക്കു പോകുന്നത്‌ മധുരതരം ആയിരിക്കും ഒരു കയ്‌പും എനിക്കു തോന്നുന്നില്ല. കേരളം എനിക്ക്‌ മധുരമുള്ള ഓര്‍മ്മയാണ്‌. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന കൊച്ചിയിലെ ആരാധകര്‍ , ത്രസിപ്പിക്കുന്ന ഫുട്‌ബോളിന്റെ 
പ്രായോക്താക്കളായ കേരളത്തിലെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന കാണികള്‍. എന്തായാലും വിജയം ആണ്‌ താന്‍ പ്രതീക്ഷിക്കുന്നതെന്നും പക്ഷേ, ഇത്തവണ മറുവശത്താണെന്നും" കോപ്പല്‍ പറഞ്ഞു. 
ഒരു വെല്ലുവിളിയായി എടുത്തുകൊണ്ടാണ്‌ ജാംഷെഡ്‌പൂരിനുവേണ്ടിയുള്ള പ്രയത്‌നങ്ങളുമായി മുന്നോട്‌്‌ പോകുന്നതെന്നും കന്നി സീസണിനിറങ്ങന്ന ഒരു ടീം ചരിത്രം തന്നെ കുറിക്കാനുള്ള സാധ്യതയാണ്‌ കാണുന്നതെന്നും കോപ്പല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 

ജാംഷഡ്‌പൂര്‍ എഫ്‌.സി ടീം
ഗോള്‍കീപ്പര്‍മാര്‍: 
സുബ്രതോ പോള്‍ , റഫീഖ്‌ അലി സര്‍ദാര്‍, സഞ്‌ജീബന്‍ ഘോഷ്‌, 
പ്രതിരോധനിരക്കാര്‍ : ആന്ദ്രെ ബിക്കെ, അനസ്‌ എടത്തൊടിക, റോബിന്‍ ഗുരുങ്‌, സെയ്‌റുവാത്‌ കിമ, സൗവിക്‌ ഘോഷ്‌, യുമ്‌നാന്‍ രാജു, തിരി, 
മധ്യനിര: മത്തേവൂസ്‌ ഗൊണ്‍സാല്‍വസ്‌, മെമോ, ബികാഷ്‌ ജെയ്‌റു, മെഹ്‌താബ്‌ ഹൂസൈന്‍, സൗവിക്‌ ചക്രവര്‍ത്തി, സമീഗ്‌ ദൗത്തി, 
മുന്നേറ്റനിര: കീവന്‍സ്‌ ബെല്‍ഫോര്‍ട്ട്‌, ആഷിം ബിശ്വാസ്‌, ഫറൂഖ്‌ ചൗധരി, ജെറി മാവിഹിങ്‌താങ, സിദ്ധാര്‍ത്ഥ്‌ സിംഗ്‌, സുമേഷ്‌ പാസി, താല എന്‍ഡോയെ. 

No comments:

Post a Comment

PHOTOS