Saturday, September 30, 2017

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‌ കൊല്‍ക്കത്തയില്‍ നവംബര്‍ 17നു കിക്കോഫ്‌,




ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്‌സും
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മില്‍


കൊച്ചി:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ലീഗ്‌ നാലാം സീസണിനു നവംബര്‍ 17നു കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ (വിവേകാനന്ദ യുബ ഭാരതി ക്രീരങ്കന്‍ സ്‌റ്റേഡിയം) കിക്കോഫ്‌. 
കഴിഞ്ഞതവണത്തെ ജേതാക്കളായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ആദ്യ മത്സരത്തില്‍ നിലവിലെ റണ്ണേഴ്‌സ്‌ അപ്പായ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. കഴിഞ്ഞ സീസണിന്റെ ഫൈനലിന്റെ ഓര്‍മ്മകളുമായി തുടക്കം കുറിക്കുന്ന നാലാം സീ,ണില്‍ മൊത്തം 95 മത്സരങ്ങളാണ്‌ ഉണ്ടാകുക. കഴിഞ്ഞ മൂന്നു സീസണുകളില്‍ എട്ട്‌ ടീമുകളാണ്‌ മത്സരിച്ചതെങ്കില്‍ ഇത്തവണ മൊത്തം 10 ടീമുകളാണ്‌ മാറ്റുരക്കുക. 
ഐ.എം.ജി റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസും സ്റ്റാര്‍ ഇന്ത്യയും പങ്കാളികളായ ഐ.എസ്‌.എല്‍ നാലാം സീസണ്‍ മത്സരങ്ങളുടെ ഷെഡ്യൂള്‍ ഇന്നലെ പുറത്തിറക്കി. 
നവംബര്‍ 17നു നടക്കുന്ന ബ്ലാസ്റ്റേഴ്‌സ്‌-അത്‌ലറ്റിക്കോ മത്സരം രണ്ട്‌ യൂറോപ്യന്‍ സൂപ്പര്‍ താരങ്ങളുടെ ഐ.എസ്‌.എല്ലിലെ അരങ്ങേറ്റവും കൂടിയാകും . ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ്‌ വിലക്കുവാങ്ങിയ വിലയേറിയ താരമായ ബള്‍ഗേറിയയില്‍ നിന്നുള്ള ദിമിത്താര്‍ ബെര്‍ബതോവും കൊല്‍ക്കത്തയുടെ അയര്‍ലണ്ട്‌ ലോകകപ്പ്‌ താരം റോബി കീനും തങ്ങളുടെ ആദ്യ ഐ.എസ്‌.എല്‍ പോരാട്ടത്തിനു ബൂ്‌ട്ട്‌കെട്ടും. 
എട്ട്‌ ടീമുകളാണ്‌ കഴിഞ്ഞ സീസണില്‍ കളിച്ചിരുന്നുവെങ്കില്‍ ഇത്തവണ ഈ എട്ട്‌ ടീമുകള്‍ക്കു പുറമെ പുതിയതായി ബംഗ്‌ളുരു എഫ്‌.സിയും ജാംഷെഡ്‌പൂര്‍ എഫ്‌.സിയും അരങ്ങേറ്റം കുറിക്കും. അതേപോലെ നാല്‌ മാസം നീളുന്ന നാലാം സീസണില്‍ നിരവധി സവിശേഷതകളും ഉണ്ടാകും. 
മാര്‍ച്ച്‌ രണ്ടാം വാരമാണ്‌ സെമിഫൈനല്‍. ഇരുപാദ സെമിഫൈനലിനു മുന്‍പ്‌ മൊത്തം 90 മത്സരങ്ങളാണ്‌ ഉണ്ടാകുക. ആഴ്‌ചയില്‍ അഞ്ച്‌ ദിവസമാണ്‌ ലീഗ്‌ മത്സരങ്ങള്‍. ഇത്തവണ തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ മത്സരം ഉണ്ടാകില്ല. ബൂധനാഴ്‌ച മുതല്‍ ശനിയാഴ്‌ചവരെയുള്ള ദിവസങ്ങളില്‍ രാത്രി എട്ടിനായിരിക്കും മത്സരം ആരംഭിക്കുക. ഞായറാഴ്‌ച രണ്ടു മത്സരങ്ങള്‍ ഉണ്ടാകും. വൈകിട്ട്‌ 5.30നും രാത്രി എട്ടിനും. 

നാലാം സീസണിലെ ആദ്യ ഞായറാഴ്‌ചത്തെ ആദ്യ മത്സരത്തില്‍ (നവംബര്‍ 19നു) ചെന്നൈയിന്‍ എഫ്‌.സി, ഹോം ഗ്രൗണ്ടില്‍ എഫ്‌.സി.ഗോവയേയും രാത്രി എട്ടിനു ബംഗ്‌ളുരു കണ്‌ഠീരവ സ്റ്റേഡിയത്തില്‍ നവാഗതരായ ബംഗ്‌ളുരു എഫ്‌.സി കഴിഞ്ഞ സീസണിലെ സെമിഫൈനലിസ്റ്റുകളായ മുംബൈ സിറ്റിയേയും നേരിടും. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രി തന്റെ പഴയ ടീമിനെ ആദ്യമായി നേരിടുന്നുവെന്നതിന്റെ സവിശേഷതയും ഈ മത്സരത്തിനുണ്ടാകും..
ഈ സീസണിലെ ആദ്യത്തെ മഹാരാഷ്ട്ര ഡര്‍ബി എന്നുവിശേഷിപ്പിക്കുന്ന മുംബൈ സിറ്റിയും എഫ്‌.സി.പൂനയും തമ്മിലുള്ള മത്സരം നവംബര്‍ 29നു പൂനെ ശിവ്‌ഛത്രപതി സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സില്‍ നടക്കും. നവാഗതരായ ജാംഷെഡ്‌പൂര്‍ എഫ്‌.സിയുടെ ആദ്യത്തെ ഹോം മാച്ച്‌ ഡിസംബര്‍ ഒന്നിനു ടാറ്റ സ്‌പോര്‍ടസ്‌ കോംപ്ലക്‌സ്‌ സ്റ്റേഡിയത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായിട്ടാണ്‌.
മാര്‍ച്ച്‌ എട്ടിനു അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത- നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ മത്സരത്തോടെ ഹോം ആന്റ്‌ എവേ മത്സരങ്ങള്‍ സമാപിക്കും. സെമി, ഫൈനല്‍ മത്സരങ്ങളുടെ തീയതിയും വേദിയും പ്രഖ്യാപിച്ചട്ടില്ല.
നാലാം സീസണില്‍ മത്സരിക്കുന്ന 10 ടീമുകളും താരങ്ങളെ സ്വന്തമാക്കാന്‍ 132.75 കോടി രൂപയാണ്‌്‌ മുടക്കിയത്‌. 77 വിദേശ താരങ്ങളാണ്‌ നാലാം സീസണില്‍ കളിക്കാനിറങ്ങുക. നേരത്തെ ഒരു ടീമിന്‌ ആറ്‌ വിദേശതാരങ്ങളെ വരെ ഉള്‍പ്പെടുത്താമായിരുന്നുവെങ്കില്‍ ഈ സീസണില്‍ പ്ലെയിങ്ങ്‌ ഇലവനില്‍ അഞ്ച്‌ വിദേശതാരങ്ങളെ മാത്രമെ കളിപ്പിക്കാന്‍ കഴിയുകയുള്ളു.. ഇതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളുടെ ഡിമാന്റ്‌ ഉയര്‍ന്നു. ത്തവണ 166 ഇന്ത്യന്‍ താരങ്ങളെയാണ്‌ ക്ലബ്ബുകള്‍ സ്വന്തമാക്കിയിരിക്കുന്നത്‌. 

No comments:

Post a Comment

PHOTOS